ഹാലോവീൻ ദിനത്തിൽ ബാഹ്യാകാശത്ത് ‘തലയോട്ടി’
ഓണത്തിന് യഥാർഥത്തിലുള്ള മാവേലി നമുക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും? വിശ്വസിക്കാൻ യാതൊരു തരവുമില്ല. കാരണം പലതരത്തിലുള്ള മാവേലിമാർ വേഷം കെട്ടി നാടുമുഴുവൻ നടക്കുന്ന സമയമാണ്. അത്തരത്തിലൊരു കാഴ്ചയാണ് ഹാലോവീൻ ദിനത്തിൽ ബഹിരാകാശത്തുമുണ്ടായത്. വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ട്, പക്ഷേ യഥാർഥത്തിൽ സംഭവിച്ചതാണിത്. ഭൂമിയിൽ പലരും മുഖംമൂടിയും മുഖത്തെഴുത്തുമൊക്കെയായി പ്രേതങ്ങളെപ്പോലെ വേഷം കെട്ടി നാട്ടാരെ പേടിപ്പിച്ചു നടക്കുന്ന സമയത്ത് ബഹിരാകാശത്തിലും വന്നു അത്തരമൊരു പ്രേതം– അതും ഉടലില്ലാതെ ‘തലയോട്ടി’ മാത്രമായ ഒരു കാഴ്ച. 31ന് ഭൂമിയുടെ സമീപത്തു കൂടെ പോയ 2015 ടിബി 145 എന്ന ഛിന്നഗ്രഹത്തിനാ(ആസ്റ്ററോയ്ഡ്)യിരുന്നു ഈ തലയോട്ടി സാദൃശ്യം വന്നത്. യാദൃച്ഛികമായി സംഭവിച്ച ഈ പ്രേതക്കാഴ്ചയെപ്പറ്റിയുള്ള വിവരം ലോകത്തിനു മുന്നിൽ ആഹ്ലാദത്തോടെ പങ്കുവച്ചത് നാസയാണ്. ഒപ്പം ഇതിന്റെ ചലിക്കുന്ന റഡാർ ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചു. ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ പോയസമയത്തെടുത്ത റഡാർ ചിത്രങ്ങളിലാണ് ഇവയ്ക്ക് തലയോട്ടിച്ഛായ കൈവന്നത്.
ഒക്ടോബർ ആദ്യമാണ് ഇത്തരമൊരു വാൽനക്ഷത്രം ഭൂമിക്ക് ഏകദേശം 4.8 ലക്ഷം കി.മീ. അരികത്തു കൂടെ കടന്നുപോകുമെന്ന് ഗവേഷകർ കണ്ടെത്തിയത്. കൃത്യമായ ഭ്രമണപാതയൊന്നുമില്ലാതെ കറങ്ങിവന്ന ഇവയെ ‘ഭ്രാന്തൻ’ ആസ്റ്ററോയ്ഡ് എന്നാണ് ശാസ്ത്രലോകം പേരിട്ടതുതന്നെ. മാത്രവുമല്ല, ഇവ ഭൂമിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോയെന്ന സംശയവും അവസാനനിമിഷം വരെയുണ്ടായിരുന്നു. ഭീമാകാരമായ വലിപ്പം കാരണം ‘ഗ്രേറ്റ് പംപ്കിൻ’ എന്നുമുണ്ടായിരുന്നു ഇരട്ടപ്പേര്. ഭൂമിയിൽ നിന്ന് കാണാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ചില കമ്മ്യൂണിറ്റികൾ നാസയുടെ സഹായത്തോടെ ഇവയുടെ സഞ്ചാരപഥത്തെപ്പറ്റി ലൈവ് അപ്ഡേഷനുകൾ നൽകിയിരുന്നു. അടുത്തുകിട്ടിയ വിവരങ്ങളനുസരിച്ച് ഇതൊരു നിർജീവമായ ‘ഡെഡ് കോമറ്റ്’ ആകാനും സാധ്യതയുണ്ടെന്ന് നാസ നിയോ ഒബ്സർവേറ്ററി പ്രോഗ്രാം മാനേജർ കെല്ലി ഫാസ്റ്റ് പറഞ്ഞു. അതുകൊണ്ടാണ് അവയ്ക്ക് കത്തുന്ന വാലൊന്നും ഉണ്ടാകാതിരുന്നത്.
ഭൂമിക്ക് ഇത്രയും അടുത്ത് നിന്ന് ആസ്റ്ററോയ്ഡിനെ നിരീക്ഷിക്കാനുള്ള സുവർണാവസരം കൂടിയായിരുന്നു ഗവേഷകർക്ക് ലഭിച്ചത്. 31ന് തന്നെ ഈ ആസ്റ്ററോയ്ഡിനു നേരെ കലിഫോർണിയയിലെ നാസ ഡീപ് സ്പെയ്സ് നെറ്റ്‌വർക്ക് കേന്ദ്രത്തിൽ നിന്ന് റേഡിയോ തരംഗങ്ങളയച്ചിരുന്നു. 34 മീ. വീതിയുള്ള ആന്റിന ഉപയോഗിച്ച് അയച്ച തരംഗങ്ങൾ ആസ്റ്ററോയ്ഡിൽ തട്ടി ഭൂമിയിലേക്ക് തിരിച്ചെത്തുകയും വെസ്റ്റ് വിർജീനിയ, പ്യൂർട്ടോറിക്ക എന്നിവിടങ്ങളിലെ ടെലസ്കോപ്പുകൾ വഴി പിടിച്ചെടുക്കുകയുമായിരുന്നു. 1.26 ലക്ഷം കി.മീ. വേഗതയിലായിരുന്നു ഇതിന്റെ സഞ്ചാരം.
വലിപ്പമാകട്ടെ നേരത്തെ വിചാരിച്ചതിനേക്കാളും അൽപം കൂടുതലും ഈ ഛിന്നഗ്രഹം ഭൂമിയിൽ വന്നിടിച്ചിരുന്നെങ്കിൽ ആറു ൈമൽ വിസ്താരത്തിൽ വിള്ളലുണ്ടായേനെ. ഒരു ഛിന്നഗ്രഹത്തിന്റെ ചിത്രം ഇത്രയും അടുത്ത് വ്യക്തതയോടെ ലഭിച്ചതിന്റെ ആഘോഷത്തിലാണ് ശാസ്ത്രലോകമിപ്പോൾ. കാരണം ഇനി 12 വർഷം കഴിഞ്ഞാലേ ഭൂമിക്ക് ഇത്രയും അടുത്ത് ഇതുപോലെ ഒരു ആസ്റ്ററോയ്ഡ് എത്തുക. ഇടയ്ക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി 2015 ടിബി 145നെ പോലെ മറ്റൊന്നും വന്നില്ലെങ്കിൽ.
HELP: manoramaonline.com
Comments
Post a Comment