ഭൂമിയിക്കു നേരെ അജ്ഞാത വസ്തു വരുന്നു
‘ലാൻഡിങ്’ 13ന്
ഗതികിട്ടാത്ത ആത്മാക്കൾ നമുക്കു ചുറ്റും നിശബ്ദമായി കറങ്ങിയടിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ അവ പ്രേതങ്ങളായി വന്ന് പേടിപ്പിക്കുകയും ചെയ്യും. സംഗതി അന്ധവിശ്വാസമാണെങ്കിലും അത്തരമൊരു ‘പ്രേതം’ ഭൂമിയിലേക്കു വരികയാണ് –നവംബർ 13ന് ഇന്ത്യൻ സമയം രാവിലെ പതിനൊന്നരയോടെ ‘അവൻ’ ഇന്ത്യൻ മഹാസമുദ്രത്തിൽ വന്നു പതിക്കും. കൃത്യമായിപ്പറഞ്ഞാൽ ശ്രീലങ്കയുടെ തെക്കൻ തീരത്തു നിന്ന് 40 മൈൽ മാറി. വന്നുവീണു കഴിഞ്ഞാൽ മാത്രമേ ഇതിന്റെ രൂപം പോലും പിടികിട്ടുകയുള്ളൂ. ഇത്രയും നാൾ ഗതി കിട്ടാതെ അലയുകയായിരുന്നുവെന്ന് പറയുന്നത് സത്യമാണെങ്കിലും ഈ ‘പ്രേതം’ പക്ഷേ ഹൊറർ സിനിമകളിൽ കാണുന്നതു പോലെ ഭീകരസത്വമൊന്നുമായിരിക്കില്ല. നിഗമനങ്ങൾ ശരിയാണെങ്കിൽ, പണ്ടെങ്ങോ മനുഷ്യൻ ബാഹ്യാകാശത്തേക്കയച്ച പേടകങ്ങളിലൊന്നിന്റെയോ റോക്കറ്റുകളുടെയോ ഭാഗമാണ് തിരിച്ച് ഭൂമിയിലേക്ക് മനുഷ്യനെ പേടിപ്പിച്ചുകൊണ്ടു പാഞ്ഞു വരുന്നത്. ഇതാദ്യമായിട്ടാണ് മനുഷ്യൻ ബഹിരാകാശത്തേക്കയച്ച ഒരു വസ്തു തിരിച്ച് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നതും. ഈ വാദത്തിനാണു മുൻഗണനയെങ്കിലും ചിലപ്പോൾ എന്തെങ്കിലും ബാഹ്യാകാശവസ്തുവായിരിക്കാം വരുന്നതെന്നും ഗവേഷകർ പറയുന്നു.
ഡബ്ല്യുടി1190എഫ് എന്നു പേരിട്ട ഈ യുഎഫ്ഒ (unidentified flying object) ഭൂമിക്കു ചുറ്റും കറങ്ങുന്നതായി 2012ലാണ് ആദ്യം കണ്ടെത്തുന്നത്. ബാഹ്യാകാശപര്യടനത്തിന്റെ ബാക്കിപത്രങ്ങളായി പല യന്ത്രഭാഗങ്ങളും മറ്റും ഇപ്പോഴും ശൂന്യാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവയിൽ 20 എണ്ണത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ചന്ദ്രനിലേക്ക് ആദ്യമായി മനുഷ്യനെ അയച്ച സാറ്റേൺ വി റോക്കന്റിന്റെ ഒരു ഭാഗം ഇത്തരത്തിൽ ഭൂമിയെ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് 2002ൽ കണ്ടെത്തിയിരുന്നു.
ഒക്ടോബർ ആദ്യവാരത്തിലാണ് ഡബ്ല്യുടി1190എഫ് എന്ന ‘സ്പെയ്സ് ജങ്ക്’ ഭൂമിയിലേക്കു തിരിച്ചിട്ടുണ്ടെന്ന കാര്യം ഗവേഷകർ കണ്ടെത്തുന്നത്. ഉൽക്കകൾ പോലെ ഭൂമിക്കു നേരെ വരുന്ന ബാഹ്യാകാശ ഭീഷണികളെ നിരീക്ഷിക്കാനായി തയാറാക്കിയിരിക്കുന്ന അരിസോണ സർവകലാശാലയിലെ കാറ്റലീന സ്കൈ സർവേയിലെ ഗവേഷകരാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്ടു മീറ്റർ നീളമുള്ള ഈ യുഎഫ്ഒ കാഴ്ചയിൽ വളഞ്ഞിട്ടും ഉള്ളുപൊള്ളയായ വിധത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ റോക്കിന്റെയോ മറ്റോ ഇന്ധനടാങ്ക് ആകാനാണ് ഏറെ സാധ്യത കൽപിച്ചിരിക്കുന്നത്.
സമുദ്രത്തിൽ പതിക്കും മുൻപ് ഇതിന്റെ മിക്ക ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ കൂറ്റൻ തിരമാലകളോ വൻവിള്ളലുകളോ ഒന്നും സൃഷ്ടിക്കപ്പെടുമെന്ന പേടിയും വേണ്ട. പക്ഷേ ഭൂമിയിലേക്കെത്തുന്ന അജ്ഞാത വസ്തുക്കളുടെ പതനം സൃഷ്ടിക്കുന്ന അവസ്ഥകളെ കൃത്യമായി പഠിക്കാനുള്ള അപൂർവ അവസരമാണ് വാനശാസ്ത്രജ്ഞർക്ക് ലഭിച്ചിരിക്കുന്നത്. ഭാവിയിൽ ഭൂമിക്കു നേരെ വരുന്ന വസ്തുക്കളെ–അത് മനുഷ്യനിർമിതമാണെങ്കിലും അല്ലെങ്കിലും– എപ്രകാരം നിരീക്ഷിക്കണമെന്നതു സംബന്ധിച്ച പ്രോജക്ടുകൾക്കും ഇതുവഴി രൂപം നൽകാം. അതുകൊണ്ടുതന്നെ നെതർലൻഡ്സിലെ യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ നിയർ എർത്ത് ഓബ്ജെക്ട് ഓഫിസിലെ ഗവേഷകർ ഇതിന്റെ ഓരോ സെക്കൻഡിലെയും നീക്കം സസൂക്ഷ്മം വിലയിരുത്തുകയാണിപ്പോൾ. ബാഹ്യാകാശത്ത് ഒട്ടേറെ യന്ത്രാവശിഷ്ടങ്ങളുണ്ടെങ്കിലും അവയിൽ ഒന്ന് എങ്ങനെ ഭൂമിക്കു നേരെ തിരിഞ്ഞുവെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്.
Comments
Post a Comment